Saturday, April 22, 2017

ഹമദ്‌

ഞാന്‍ ദോഹയിലാണ്‌.അന്‍‌സാര്‍ ചെന്നൈലും.കഴിഞ്ഞ ദിവസം പതിവ്‌ പ്രാര്‍ഥനകളോടെ ഉറങ്ങാന്‍ കിടന്നു.എന്നിരുന്നാലും ഉള്ളിന്റെയുള്ളില്‍ ഒരു തീവണ്ടിക്കുതിപ്പ്‌.ഹമദ് ദല്‍ഹിയിലേയ്ക്ക്‌ യാത്ര തിരിച്ചിരിക്കുന്നു.കടുത്ത ശാരീരികാസ്വസ്ഥതകളും പനിയും ഉണ്ടായിരുന്നെങ്കിലും യോഗ്യതാ നിര്‍ണ്ണയപ്പരിക്ഷയ്‌ക്ക്‌ എത്താതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ യാത്ര നിശ്ചയിക്കപ്പെട്ട ദിവസം തന്നെ പുറപ്പെട്ടു.കണ്ണുറങ്ങിയെങ്കിലും മനസ്സുറങ്ങിയില്ലെന്നതായിരിക്കാം ശരി.ഇന്ന്‌ പുലര്‍ച്ചയ്‌ക്ക്‌ ഉണര്‍‌ന്നു.പ്രഭാത കൃത്യങ്ങളും പ്രാര്‍‌ഥനയും ഒക്കെ കഴിഞ്ഞിട്ടും തീവണ്ടിക്കുതിപ്പ്‌ തുടര്‍‌ന്നു കൊണ്ടിരുന്നു.പന്ത്രണ്ട്‌ മണിക്കൂര്‍ യാത്ര കഴിഞ്ഞിരിക്കുന്നു.ടലഫോണില്‍ വിളിച്ചപ്പോള്‍ വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നും നീങ്ങുകയാണെന്ന്‌ ശബ്ദ വ്യന്യാസങ്ങളില്‍ നിന്നും മനസ്സിലായി.ഉപ്പാ തീവണ്ടി പുറപ്പെടുന്നു.ഇനി സംസാരം വ്യക്തമായിക്കൊള്ളണമെന്നില്ല.പനി അല്‍‌പം ശാന്തതയുണ്ട്‌.പഴവര്‍‌ഗങ്ങളും കരുതി വെച്ച വെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ..തിവണ്ടിയുടെ താളം ഉയര്‍ന്നതോടെ ഫോണ്‍ വെച്ചു.അല്‍പം അസ്വസ്ഥതയോടെ കട്ടിലില്‍ വന്നു കിടന്നു.എന്നെ ചാരി ഹമദും ഇരിക്കുന്നതുപോലെ.ഫാത്വിഹയും സൂറത്തുകളും ഓതി ഹമദിന്റെ തലയില്‍ തടവി.ഇനി ഊതിയാല്‍ ക്ഷീണിച്ചുറങ്ങുന്ന ഹമദ്‌ ഉണരുമോ എന്ന ആശങ്കയില്‍ ഞാന്‍ കിടക്കയില്‍ നിന്നും എണീറ്റിരുന്നു.സര്‍വ്വ ശക്തനായ നാഥനില്‍ എല്ലാം ഭരമേല്‍‌പിക്കുന്നു.ശുഭരാത്രി...മോനേ.ഹമദ്..ഭാവുകങ്ങള്‍...

Wednesday, March 15, 2017

കണ്ണി മുറിയാത്ത വൈദ്യ വിശേഷം

സുപ്രസിദ്ധനായ പാരമ്പര്യ ഭിഷഗ്വരന്‍ അമ്മുണ്ണി വൈദ്യരുടെ മകനാണ്‌ പ്രദേശത്തെ ഏറെ പ്രസിദ്ധനായിരുന്ന ഹാജി കുഞ്ഞി ബാവു വൈദ്യര്‍.കരുണാ വാരിധിയായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

കേരളത്തിലെ പ്രഗത്ഭരും പ്രശസ്‌തരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ നാലാം തലമുറക്കാരില്‍ പ്രഗത്ഭനാണ്‌ ഡോ.അബ്‌ദുല്‍ ഹഫീദ് മുഈനുദ്ധീന്‍.

ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മകന്‍ മുഈനുദ്ധീന്‍ വൈദ്യരുടെ മകനാണ്‌ ഡോ.ഹഫീദ്‌.മധ്യേഷ്യയിലെ എമിറേറ്റ്‌സ് കേന്ദ്രീകരിച്ചുള്ള ആയുര്‍ വേദിക് സെന്ററിലാണ്‌ ഡോ.ഹഫീദ് സേവനമനുഷ്‌ഠി്‌ക്കുന്നത്.പരമ്പരാഗതവും ആധുനികവുമായ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയ ഡോ.ഹഫീദിന്റെ വിലപ്പെട്ട സം‌ഭാവനകള്‍ ആരോഗ്യലോകം അംഗികരിക്കുകയും ആദരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പാരമ്പര്യ വൈദ്യ കുടും‌ബത്തിലെ രണ്ടാം തലമുറയിലെ മറ്റൊരു പ്രശസ്‌തനായ ബാല ചികിത്സാ വൈദ്യനാണ്‌ മുഹമ്മദ്‌ കുട്ടി വൈദ്യര്‍.ഇദ്ധേഹം കരുവന്തലയില്‍ സേവനമനുഷ്‌ടിച്ചിരുന്നു.ഏനാമാവ്‌ മുപ്പട്ടിത്തറയിലാണ്‌ താമസം.

വൈദ്യ കുടുംബത്തിലെ കുലപതി അമ്മുണ്ണി വൈദ്യരുടെ മകളാണ്‌ അസീസ്‌ മഞ്ഞിയിലിന്റെ മാതാവ്‌ ഐഷ ഖാദര്‍. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പത്തെ വിദ്യാഭ്യാസ കാലത്തെ അഞ്ചാം ക്ലാസ്സുകാരിയാണ്‌ തൊണ്ണൂറ്‌ കഴിഞ്ഞ ഐഷ.ഹാജി കുഞ്ഞി ബാവു വൈദ്യര്‍ സഹോദരനാണ്‌.മുപ്പട്ടിത്തറ ബാല ചികിത്സാ വിദഗ്ദന്‍ മുഹമ്മദ്‌ കുട്ടി വൈദ്യരുടെയും കണ്ണോത്ത്‌ ഷാഹുല്‍ ബാവുട്ടിയുടെയും പാടൂര്‍ അബ്‌ദുല്‍ റഹ്‌മാന്‍ കേലാണ്ടത്തിന്റെയും ഉമ്മമാര്‍ സഹോദരികളാണ്‌.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.


Sunday, February 26, 2017

ഉമ്മ എല്ലാറ്റിനും സാക്ഷി

ഉമ്മയും ഉപ്പയും ഞങ്ങള്‍ കുടും‌ബാം‌ഗങ്ങള്‍ 12 പേര്‍.രണ്ടാം തലമുറയില്‍ 34 മക്കള്‍.മൂന്നാം തലമുറയില്‍ 56 പേര്‍.നാലാം തലമുറയില്‍ 8 പേര്‍.ഇങ്ങനെ 110 മക്കളും പേരമക്കളും.വിവാഹ ബന്ധങ്ങള്‍ വഴിയുള്ള ഇണ തുണകള്‍ 41 പേര്‍.എല്ലാവരും കൂടെ 151 പേര്‍. ഇതില്‍ സഹോദരി ത്വാഹിറയുടെ മകന്‍ അന്‍‌വറിന്റെ ആദ്യത്തെ കണ്മണിയാണ്‌  നൂറ്റിയമ്പത്തി ഒന്നാമത്തെ അം‌ഗം.90 കഴിഞ്ഞ ഉമ്മ എല്ലാറ്റിനും സാക്ഷി.

Wednesday, February 8, 2017

ഒരു വഴിത്തിരിവില്‍

ജിവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു ദിവസം.അന്വേഷണ പാതയില്‍ തിരിച്ചറിവുകള്‍‌ക്ക്‌ അനന്യമായ തിളക്കം കൂട്ടിയ ദിവസം.അനുസരിക്കുന്നവര്‍ എന്നര്‍‌ഥം വഹിക്കുന്നവര്‍ ഒന്നുകില്‍ പാരമ്പര്യമായി കിട്ടിയ ആചാരാനുഷ്‌ഠാനങ്ങളുടെ തടവറയില്‍. അല്ലെങ്കില്‍ ഇതില്‍ നിന്നൊക്കെ തടവു ചാടി ഉറഞ്ഞു തുള്ളുന്നവരുടെ മൈതാനിയില്‍ അതുമല്ലെങ്കില്‍ മദമിളകാനും മദമിളക്കി വിടാനുമുള്ളവരുടെ ചൊല്‍‌പടിയില്‍. എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന വര്‍‌ത്തമാന കാലഘട്ടത്തില്‍; വ്യവസ്ഥാപിതവും സന്തുലിതവുമായ മനോഹരമായ ദര്‍‌ശനം എന്ന വിവക്ഷയെ മനസാ വാചാ കര്‍‌മ്മണാ അം‌ഗികരിച്ച്‌ ആനന്ദാശ്രു പൊഴിച്ച ദിവസം.

കൗമാരം വിട്ടുണരുമ്പോള്‍ തന്നെ  ഒരു പരന്ന വായനയുടെ ശീലം എന്നെ പിടികൂടിയിരുന്നു.പത്താം തരം കഴിയുന്നതിന്നു  മുമ്പുതന്നെ വായനയുടെ ഒരു വലിയ ലോകത്തെ പ്രാപിക്കാന്‍ ഭാഗ്യം സിദ്ധിച്ചിരുന്നു.എഴുപതുകളുടെ അവസാനം ഇന്നലെക്കഴിഞ്ഞതുപോലെ മനസ്സിലുണ്ട്‌.ശുദ്ധമായ സംസ്‌കാരത്തോട്‌ ആയിരം കാതം ബന്ധം പോലുമില്ലാത്ത ഒരു വികൃതമായ സംസ്‌കൃതി ഇഴപിരിഞ്ഞു കിടക്കുന്നാതായി അനുഭവപ്പെടുമായിരുന്നു.എന്നോടൊപ്പം ഇത്തരം ചിന്തകള്‍ പങ്കുവെക്കുന്ന വേറെയും സഹോദരങ്ങളും ഉണ്ടായിരുന്നു.

വായനയും പഠന മനനങ്ങളും നിരുത്സാഹപ്പെടുത്തുക,വിജ്ഞാന സമ്പാദനത്തില്‍ ലിംഗഭേദം കാല്‍പ്പിക്കുക,വിശുദ്ധ വേദത്തിന്റെയും പ്രവാചകാധ്യാപനങ്ങളേയും കവച്ചു വെക്കുന്ന വിധം കേവല ഐതിഹ്യ സമാനമായതിനോട്‌ കൂടുതല്‍ കൂറു കാണിക്കുക തുടങ്ങിയ വൈകൃതങ്ങളാണ്‌ എന്നെ ഏറെയും വേദനിപ്പിച്ചിരുന്നത്‌.നമ്മുടെ പരമ്പരാഗത സംവിധാനം മനസ്സിനെ വേപഥുകൊള്ളിച്ച വിഷയങ്ങളില്‍ അത്ഭുതപ്പെടുത്തും വിധം ഭാവമാറ്റത്തോടെ സം‌ഘങ്ങളും സം‌ഘടനകളും കുറെയൊക്കെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു എന്നത്‌ ഏറെ സന്തോഷ ദായകമാണ്‌.
ഒരു വഴിത്തിരിവില്‍ ഒന്നു പുറകോട്ട്‌ തിരിഞ്ഞു നോക്കി എന്നു മാത്രം.